Saturday, March 12, 2011

രാത്രി

രാത്രി
രു ചിറകുകളും തീ പിടിച്ചതിനാലെന്ന വണ്ണം
തിത്തിരിപ്പക്ഷികൾ കരയുന്ന രാത്രി .

കാഴ്ചയുടെ ഒരറ്റത്ത്
ചുവന്നൊരു മരം കണക്കെ കാട്ടുതീയാളുന്നു;
ആദ്യം കനലിൻ കടും ചുവപ്പോടെ ,
പിന്നെ തങ്കം തിളങ്ങുന്ന മഞ്ഞയായി,
ഒടുവിൽ കടും കറുപ്പിൽ കാണാതെയാവും വരെ.

രു ജലപാതത്തിലേക്ക്
ആണ്ടിറങ്ങിയാൽ പോലും ദാഹം  ശമിക്കാത്ത
കൊടും വേനലിന്റെ ഓർമ്മകളോടെ
ജനാലയ്ക്കൽ ദൂരക്കാഴ്ച

ഓര്‍മ്മകളിൽ
പാഴ്ചെടികളും  പാൽനിറമെഴും
വള്ളികളും വളര്‍ന്ന,
ഗന്ധകത്തിന്റെ മണം പൊന്തുന്ന
ചതുപ്പിടങ്ങൾ;
 
മുൾച്ചെടികളും വിഷക്കായകളും
പൂക്കുകയും കൊഴിയുകയും ചെയ്യുന്ന
തരിശ്ശിടങ്ങൾ.
എവിടെയായിരുന്നു അത്?

 ഓർമ്മകൾ
 ഇരുട്ടിൽ അവ്യക്തമായ നിഴലുകളായി
 മരച്ചില്ലകളിൽ നിന്ന് നിലവിളിക്കുന്നു.
ഋതുക്കൾ പെട്ടെന്ന്‍ മാറും ,
പ്രണയത്തിൽ നിന്ന്‍ മരണത്തിലേക്ക്
ജിവിതം പതിക്കും പോലെ ...

മഴക്കാല രാത്രി
മഷിപോലെ കറുത്ത ആകാശത്തിന്  കീഴെ 
ഒരു നൊടി കൊണ്ട്  പൊലിഞ്ഞുപോകുന്ന  
മിന്നലിന്റെ തീ വെളിച്ചത്തിൽ
ലോകമെന്നാൽ ഞാനും നീയുമെന്ന്
കണ്ടറിഞ്ഞതിന്റെ
പൊള്ളിയ ഓർമ്മയുടെ വടുക്കൾ
തണുത്ത കാറ്റിൽ
പച്ച മരങ്ങൾ പാതി വെന്തതിന്റെ മണം.
 
ഏതോ കുത്തിറക്കത്തിലെന്ന വണ്ണം
എന്റെ ഹൃദയത്തിൽ നിന്ന്
നിന്നിലേക്ക് അടർന്നു പോയ
വാക്കുകളുടെ കിലുക്കം മാത്രം.
ഈ രാത്രിയിൽ ഓർമ്മകളുടെ
അടയാളമായി മറ്റെന്താണുള്ളത് ?

തണുത്ത് തണുത്ത് ഹിമമായ്
ഉറഞ്ഞു കൂടിയ  കണ്ണീരിന്റെ
രണ്ട് തുള്ളികൾ മാത്രം;
അരികുകൾ വജ്രമൂർച്ചയാൽ
തിളങ്ങുന്ന വെള്ളാരങ്കല്ലുകളായി
പരാവർത്തനം ചെയ്യപ്പെട്ട
കണ്ണുനീർത്തുള്ളികൾ.

8 comments:

ലേഖാവിജയ് said...

അരികുകൾ വജ്രമൂർച്ചയാൽ
തിളങ്ങുന്ന വെള്ളാരങ്കല്ലുകളായി
പരാവർത്തനം ചെയ്യപ്പെട്ട
കണ്ണുനീർത്തുള്ളികൾ.

പൂർണ്ണം അനീ :)
മനോഹരം.

വാഴക്കോടന്‍ ‍// vazhakodan said...

കൊള്ളാം!ഇനിയും എഴുതൂ...

രഘുനാഥന്‍ said...

നന്നായിട്ടുണ്ട്...

സുനീത.ടി.വി. said...

ഏതോ കുത്തിറക്കത്തിലെന്ന വണ്ണം
എന്റെ ഹൃദയത്തിൽ നിന്ന്
നിന്നിലേക്ക് അടർന്നു പോയ
വാക്കുകളുടെ കിലുക്കം മാത്രം.
ഈ രാത്രിയിൽ ഓർമ്മകളുടെ
അടയാളമായി മറ്റെന്താണുള്ളത് ?


വല്ലാതെ ഉള്ളിൽ തൊടുന്നു
നന്ദി
ആശംസകൾ...

കലി said...

കനലെരിയുന്ന അനുഭവങ്ങള്‍ തീര്‍ത്ത കണ്ണീര്‍, വജ്ര മുനയുള്ള സ്വപ്നങ്ങളുടെ വെള്ളാരം കല്ലുകളാകട്ടെ, വിഷാദത്തിന്റെ കരിമേഘങ്ങള്‍ പെയ്തൊഴിയട്ടെ , ആശംസള്‍ ....

Unknown said...

ഏതോ കുത്തിറക്കത്തിലെന്ന വണ്ണം
എന്റെ ഹൃദയത്തിൽ നിന്ന്
നിന്നിലേക്ക് അടർന്നു പോയ
വാക്കുകളുടെ കിലുക്കം മാത്രം.
ഈ രാത്രിയിൽ ഓർമ്മകളുടെ
അടയാളമായി മറ്റെന്താണുള്ളത് ?

നന്ദ said...

സുന്ദരം.

(പഴയ ബ്ലോഗ് ഇപ്പോ ഇല്ലെ?)

അനിതാ കൊക്കോട്ട് said...

ലേഖാജി,വാഴക്കോടന്‍ ,രഘുനാഥന്‍ ,സുനീത,വിജ്യോത്സ്,ഗ്രാവിറ്റി,നന്ദ
വായനയ്ക്ക്
അഭിപ്രായങ്ങള്ക്ക് നന്ദി.
പഴയ ബ്ളോഗ് നിലവിലുണ്ട്.
http://pinkazhchakal.blogspot.com/