Tuesday, September 26, 2017

വിവര്‍ത്തനം

ലിപികള്‍ തിട്ടപ്പെടുത്തിയിട്ടില്ലാത്തൊരു
ഭാഷയില്‍ കുറിച്ചിടപ്പെട്ട
വരികള്‍ എങ്ങനെയാണ്
വായിച്ചെടുക്കുക?
കരിങ്കല്ലു പോലെ ദൃഢവും
അഗ്നിയെപ്പോലെ പൊള്ളിക്കുന്നതും
ജലത്തെപോലെ കുളുര്‍പ്പിക്കുന്നതുമായ
ഭാഷയിലേക്ക്
വാക്കുകളിലൂടെയല്ലാത്ത വിനിമയങ്ങള്‍
എങ്ങനെയാണ്
വിവര്‍ത്തനം ചെയ്യപ്പെടുക?
മൗനങ്ങളുടെ ഇടവേളകള്‍ക്ക്
അര്‍ദ്ധവിരാമമോ പൂര്‍ണ്ണവിരാമമോ എന്ന്
എങ്ങനെയാണ്
നിശ്ചയിക്കുക?

Monday, September 25, 2017

മരങ്ങള്‍ക്കിടയിലെ വെയില്‍

പുറമേ
ഇളകുന്ന ഇലകളോരോന്നിലും
താരാട്ടിന്റെ വരികളോരോന്നായി 
കോറി വരച്ച് വെയിലിന്റെ മെലിഞ്ഞ വിരലുകള്‍.
താഴെ
വായുവില്‍ നീന്തുന്ന പഴുത്തിലകള്‍ക്കും
തളിരിലകള്‍ക്കിടയിലൂടെ അരിച്ചെത്തുന്ന
വെളിച്ചത്തിനും നടുവിലെ മതിഭ്രമത്തില്‍
നീയിരിക്കുന്നു.
ഹൃദയം ആരോ ഉലയില്‍ വെച്ച്
പഴുപ്പിച്ച ഇരുമ്പിന്‍തുണ്ടം പോലെ
കടും ചുവപ്പായി തപിക്കുന്നു.
മുകളില്‍
നുറുങ്ങിയ നിലക്കണ്ണാടിയുടെ
ചീളിലെന്നോണംഇലകള്‍ക്കിടയില്‍
തൂവെള്ളയിലും മിഴിനീലയിലും
കുതിര്‍ന്ന് ആകാശത്തിന്റെ ഒരു കീറ്.

കാഴ്ച

മഴയില്‍ നനഞ്ഞ
മണ്ണിനു കുറുകെ
കുതിര്‍ന്ന പച്ചത്തഴപ്പുകള്‍ക്ക് മീതെ
കാറ്റില്‍ പാറി വീണ പച്ചയിലകള്‍ക്കും
കിളികളുപേക്ഷിച്ച കൂടിന്റെ അവശിഷ്ടങ്ങള്‍ക്കും നടുവില്‍
ഒരു നിമിഷം
നിന്റെ കാലടിപ്പാടുകള്‍ ഞാന്‍ കണ്ടു.
ആഞ്ഞു പെയ്ത മഴയും
വീശിയടിച്ച കാറ്റും
അത് മാച്ചു കളയും മുമ്പ്
ഒരു നൊടി മാത്രം!

Saturday, January 7, 2017

ഫിംഗര്‍ പ്രിന്റ്സ്



ഒടുവിലായ് എഴുതാന്‍ തുറന്ന
പുസ്തകത്താളില്‍
ഓര്‍മ്മകളുടെ കറുപ്പിനാല്‍ 
അരികു തുന്നി അലങ്കരിച്ച
നിന്റെ ഹൃദയം കാണാകുന്നു.
പരന്നൊഴുകിയ ഒരു നദിയുടെ
വരണ്ട തീരങ്ങളില്‍ നിലച്ചതായിരുന്നു
അക്കാലം.
ഇരുളില്‍
ഒരേ വൃത്തത്തിന്റെ അതിരുകള്‍ക്കുള്ളില്‍
വരഞ്ഞിട്ട ഭൂമിയും ആകാശവും ജലവും കൈകള്‍ നീട്ടി
പരസ്പരം തൊട്ടു.
പുഴമണലില്‍ പകല്‍ കുടഞ്ഞിട്ടു പോയ
ഇത്തിരിച്ചൂടില്‍
മീതെയാകാശത്ത്
നക്ഷത്രങ്ങള്‍ ഒരോന്നോരോന്നായി
കണ്ണുമിഴിക്കുന്നത് പരസ്പരം
കൈകള്‍ കോര്‍ത്ത്
കണ്ടു കിടന്ന നേരത്തിന്റെ ഒരോര്‍മ്മ.......
ഒന്നുമില്ല
മണലില്‍ നമ്മുടെ ഉടല്‍പ്പാടുകള്‍
മാഞ്ഞു പോയിരിക്കുന്നു.
കാലടിപ്പാടുകള്‍
മഴക്കാലം കൊയ്തെടുത്തിരിക്കുന്നു.
നാം ശ്വസിച്ച ഗന്ധങ്ങള്‍ മാത്രം
നെഞ്ചിലിപ്പോഴും കുറുകെത്തടഞ്ഞു നില്ക്കുന്നു.
ഒന്നുമില്ല....